ഉദയനാപുരം: കരാർ പുതുക്കാത്തതിനെത്തുടർന്ന് നിലച്ച നേരേകടവ്-മാക്കേക്കടവ് ചങ്ങാടസർവീസ് പുനരാരംഭിക്കുന്നതു വരെ യാത്രക്കാർക്ക് കായൽ കടക്കാൻ ഉദയനാപുരം പഞ്ചായത്ത് കടത്തുവള്ളം ഏർപ്പെടുത്തി. ഇന്നലെ രാവിലെ മുതൽ കടത്തുവള്ളത്തിന്റെ സർവീസ് ആരംഭിച്ചു. മാർച്ച് 31ന് ചങ്ങാടസർവീസിന്റെ കരാർ അവസാനിച്ചിരുന്നു. തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതോടെ ടെണ്ടർ നടത്താനായില്ല.
കഴിഞ്ഞ തവണ ചങ്ങാടസർവീസിന്റെ നടത്തിപ്പ് ചുമതല ഉദയനാപുരത്തിനായിരുന്നു. ഇക്കുറി കരാർ ചുമതല തൈക്കാട്ടുശേരി പഞ്ചായത്തിനാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് കരാറുകാരൻ സർവീസ് അവസാനിപ്പിച്ചത്. തൈക്കാട്ടുശേരി പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ചങ്ങാട സർവീസ് നടത്തുന്നതെന്നാരോപിച്ച് പഞ്ചായത്ത് പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് സർവീസ് നിർത്തിവയ്പ്പിച്ചത്.
ദിനംപ്രതി നൂറുകണക്കിനാളുകളാണ് ഇതുവഴി കടന്നുപോകുന്നത്. കാറും ഓട്ടോറിക്ഷയും ബൈക്കുമടക്കമുള്ള ചെറുവാഹനങ്ങൾ ചങ്ങാടത്തിൽ മറുകര കടന്നിരുന്നു. കായലിന് ഏറ്റവും വീതി കുറവുള്ള ഈ ഫെറിയിൽ 20 മിനിട്ട് ഇടവിട്ട് സർവീസ് നടന്നിരുന്നത് ഒരുപാടു പേർക്ക് ഉപകാരപ്പെട്ടിരുന്നു.
നേരേകടവ്- മാക്കേക്കടവ് കായൽപാലം പൂർത്തിയായി ഇരു കരകളിലും സമീപ റോഡിന്റെ പണി നടന്നുവരികയാണ്. പാലത്തിലൂടെ ഗതാഗതം ആരംഭിക്കാൻ ഇനിയും മാസങ്ങൾ വേണമെന്നിരിക്കെ തൊഴിലാളികളടക്കം നൂറുകണക്കിനാളുകൾക്ക് ആലപ്പുഴ, എറണാകുളം ജില്ലകളുടെ വിവിധ സ്ഥലങ്ങളിലേക്കു പോകാൻ സഹായകരമാകുന്ന ചങ്ങാടസർവീസ് പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഉദയനാപുരം - തൈക്കാട്ടുശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് നേരേകടവ്- മാക്കേ കടവിൽ നടന്നുവന്നിരുന്ന ചങ്ങാട സർവീസ് പുനരാരംഭിക്കുന്നതിന് തൈക്കാട്ടുശേരി പഞ്ചായത്തിൽ കൂടിയ ജോയിന്റ് കമ്മിറ്റി തീരുമാനിച്ചു. ഇതനുസരിച്ച് ഇന്നുതന്നെ ക്വട്ടേഷൻ ക്ഷണിക്കും. അഞ്ചിന് വൈകുന്നേരം നാലിന് തൈക്കാട്ടുശേരി പഞ്ചായത്തിൽ ലേലം ഉറപ്പിക്കും. അതുവരെ ഇരു പഞ്ചായത്തുകളും ചേർന്ന് സൗജന്യമായി കടത്തുവള്ളം ഏർപ്പാടാക്കും.
യോഗത്തിൽ ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു, തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് കവിതാ സജീവൻ. വൈസ് പ്രസിഡന്റുമാരായ ബിന്ദു അനിൽകുമാർ, ഡി. വിശ്വംഭരൻ, മെംബർമാരായ അജിതാ മധുക്കുട്ടൻ, അഭിജിത്ത് ചായപ്പള്ളി, ഉദയനാപുരം പഞ്ചായത്ത് സെക്രട്ടറി ടി.കെ. വിനോദ് കുമാർ, തൈക്കാട്ടുശേരി പഞ്ചായത്ത് സെക്രട്ടറി രശ്മിമോൾ എന്നിവർ പങ്കെടുത്തു.